എന്റെ ഗ്രാമം….

സെപ്റ്റംബര്‍ 1, 2008

“സ്വര്‍ഗ്ഗത്തേക്കാള്‍  സുന്ദരമാണീ  സ്വപ്നം വിടരും ഗ്രാമം”  ഈ  പഴയ  സിനിമാപ്പാട്ടിനെ  അന്വര്‍ത്ഥമാക്കുന്നതാണ്  എന്റെ  ഗ്രാമസൌന്ദര്യം. സര്‍വ്വവിധ  നന്മകളുടേയും  വിളനിലം.നോക്കെത്താത്ത  ദൂരത്തോളം  കതിര്  വിളഞ്ഞ്  പാകമായി  കിടക്കുന്ന നെല്‍പ്പാടങ്ങള്‍.(നെല്‍പ്പാടങ്ങളുടെ  വിസ്തൃതി  കുറഞ്ഞു വരുന്ന  കാര്യം  വിസ്മരിക്കുന്നില്ല).തെങ്ങും,നെല്ലും,വാഴയും,മരച്ചീനിയും,ചേനയും ചേമ്പും, എന്ന്  വേണ്ട  എല്ലാ വിധ  കാര്‍ഷികവിളകളും  സമൃദ്ധിയോടെ  വിളയുന്ന  കാര്‍ഷികഗ്രാമം.തിരുവനന്തപുരം  നഗരപ്രാന്തത്തില്‍ നിന്നും ഏകദേശം  10  കിലോമീറ്റര്‍  അകലത്തില്‍  കിടക്കുന്ന  ഈ  ഗ്രാമം  ജലസമൃദ്ധിക്ക്  പ്രസിദ്ധം.വെള്ളത്തില്‍  നിന്നുമാണ്  “വെള്ളായണി” എന്ന സ്ഥലപ്പേര്  ഉണ്ടായതെന്ന് ചിലര്‍  അഭിപ്രായപ്പെടുന്നു.എന്നാല്‍  പ്രാചീനരേഖകളില്‍  ‘വെള്ളാനി’ എന്നാണ്  ഈ  നാട്  അറിയപ്പെടുന്നത്. വിസ്തൃതമായ  കായലും,  ഗ്രാമത്തിന്റെ  മധ്യത്തിലൂടെ  ഒഴുകുന്ന  പള്ളിച്ചല്‍  തോടും എന്റെ  ഗ്രാമത്തിന്റെ  സൌന്ദര്യത്തിന്  മാറ്റ്  കൂട്ടുന്നു. കായലിന്റെ  പടിഞ്ഞാറേക്കരയില്‍  കോയിക്കമലക്കുന്നുകളും(വെള്ളായണി  കാര്‍ഷികകോളേജ് ഇവിടെയാണ്) കിഴക്ക്  അല്പം  അകലെയായി  മൂക്കുന്നിമലയും ഗ്രാമത്തിന്റെ  സംരക്ഷകര്‍. ഇപ്പോള്‍  കാര്‍ഷികകോളേജ്  സ്ഥിതിചെയ്യുന്ന  സ്ഥലത്തായിരുന്നു  തിരുവിതാംകൂര്‍(വേണാട്) രാജാക്കന്മാരുടെ  വേനല്‍ക്കാലവസതി(summer palace)എന്നറിയപ്പെട്ടിരുന്ന ‘വെള്ളായണി കൊട്ടാരം’.മുടിപ്പുര(മുടി അഥവ  ബിംബം സൂക്ഷിക്കുന്ന പുര)യും(വെള്ളായണി ദേവീ ക്ഷേത്രം) ചെറുബാലമന്ദം  ശിവക്ഷേത്രവും,കായല്‍ക്കരയിലെ അതിപ്രാചീന തൃക്കുളങ്ങര  വിഷ്ണുക്ഷേത്രവും(ഈ  ക്ഷേത്രത്തിന്റെ  നമസ്കാരമണ്ധപത്തില്‍ കൊല്ലവര്‍ഷം 371-മാണ്ടത്തെ  വീരരാമവര്‍മ്മയുടെ ഒരു ശിലാലിഖിതം കാണപ്പെടുന്നു.) ഇന്നാട്ടിലെ  ആരാധനാലയങ്ങള്‍. ഞാന്‍ പിറന്ന  നാട്. എന്നില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഗ്രാമം. ഇന്നും ഗ്രാമ വിശുദ്ധി  കാത്ത്  സൂക്ഷിക്കുന്ന  നാട്. മൂന്ന്  വര്‍ഷത്തിലൊരിക്കല്‍  നടത്തിവരാറുള്ള വെള്ളായണി ദേവി ക്ഷേത്രത്തിലെ  കാളിയൂട്ട്  മഹോത്സവം  ഈ  നാടിന്റെ  മാത്രം പ്രത്യേകതയാണ്. വെള്ളായണിപ്പരമുവിന്റെ  നാട്. മോഷ്ടാവായിരുന്നുവെങ്കിലും  സാധാരണക്കാരുടെ  ഉറ്റ തോഴനും  സഹായിയുമായിരുന്നു പരമു. വെള്ളായണി അര്‍ജ്ജുനന്‍, വെള്ളായണി പലവേശന്‍ തുടങ്ങിയ  സാഹിത്യകാരന്മാര്‍ ഈ  നാടിന്റെ സന്തതികള്‍. ഞാന്‍  ക്യാമറയില്‍  പകര്‍ത്തിയ ചില ചിത്രങ്ങള്‍  ഇവിടെ  കാണാം.

വെള്ളായണിക്കായലിലെ  താമരപ്പൂക്കള്‍

വെള്ളായണിക്കായലിലെ താമരപ്പൂക്കള്‍

കായലിന്റെ മറ്റൊരു ദൃശ്യം

കായലിന്റെ മറ്റൊരു ദൃശ്യം

നെല്‍ വയലുകള്‍

നെല്‍ വയലുകള്‍

ഇവിടെയാണ് സിനിമ സീരിയല്‍ ഷൂട്ടിംഗുകള്‍  നടക്കുന്നത്

ഇവിടെയാണ് സിനിമ സീരിയല്‍ ഷൂട്ടിംഗുകള്‍ നടക്കുന്നത്

വെള്ളായണി മുടിപ്പുരയും  കളിത്തട്ടും

വെള്ളായണി മുടിപ്പുരയും കളിത്തട്ടും

വെള്ളായണി ദേവിയുടെ  തിരുമുടി

വെള്ളായണി ദേവിയുടെ തിരുമുടി

വെള്ളായണി ക്ഷേത്രത്തിലെ പറണേറ്റ്  ഒരു ദൃശ്യം

വെള്ളായണി ക്ഷേത്രത്തിലെ പറണേറ്റ് ഒരു ദൃശ്യം

നെല്‍ വയലുകള്‍ മറ്റൊരു ദൃശ്യം.

നെല്‍ വയലുകള്‍ മറ്റൊരു ദൃശ്യം.


വെള്ളായണി

ജൂലൈ 7, 2008

Welcome to WordPress.com. This is your first post. Edit or delete it and start blogging!